കൊളംബിയ പെസഫിക്കിന്റെ സെറീൻ കമ്മ്യൂണിറ്റീസും അസറ്റ് ഹോംസും കൈകോർക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയിൽ ഒന്നാമതുമായ സീനിയർ ലിവിംഗ് ഓപ്പറേറ്ററായ കൊളംബിയ പെസഫിക്കിന്റെ സെറീൻ കമ്മ്യൂണിറ്റീസ്, കേരളത്തിലെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ അസറ്റ് ഹോംസുമായി കൈകോർക്കുന്നു. കേരളത്തിലുടനീളം നാല് ലോകോത്തര നിലവാരമുള്ള സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനാണ് ഇരുസ്ഥാപനങ്ങളും സഹകരിക്കുന്നത്. 500 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് ഇതിനായി വിഭാവനം ചെയ്തിട്ടുള്ളത്. മുതിർന്ന പൗരന്മാർക്കുള്ള പാർപ്പിടങ്ങൾ ഒരുക്കുന്നതിൽ സെറീൻ കമ്മ്യൂണിറ്റീസിനുള്ള ലോകോത്തര വൈദഗ്ധ്യവും അസറ്റ് ഹോംസിന്റെ പ്രാദേശിക വിശ്വാസ്യതയും മികവുമാണ് ഇവിടെ സംഗമിക്കുന്നത്. ഈ പങ്കാളിത്തത്തിലെ ആദ്യ പ്രോജക്റ്റായ ‘സെറീൻ യംഗ് @ ഹാർട്ട്’ കൊച്ചിയിൽ അനാവരണം ചെയ്തു. കേരളത്തിലെ സീനിയർ ലിവിംഗ് മേഖലയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്ന ഈ പദ്ധതി, 2028-ന്റെ തുടക്കത്തോടെ പ്രവർത്തനസജ്ജമാകും. പൂർണ്ണമായും RERA അംഗീകാരമുള്ള ഈ പ്രോജക്റ്റ് (RERA No. K-RERA/PRJ/ERN/111/2025; rera.kerala.gov.in) മുതിർന്ന പൗരന്മാർക്ക് സ്വതന്ത്രമായും സജീവമായും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരന്തരീക്ഷം ഒരുക്കുക എന്ന കാഴ്ചപ്പാടോടെയാണ് നിലവിൽ വരുന്നത്. കേരളത്തിലെ സീനിയർ ലിവിംഗ് മേഖലയ്ക്ക് പുത്തനുണർവ് സജീവവും സ്വതന്ത്രവുമായ ദിനചര്യകൾ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടിയാണ് ‘സെറീൻ യംഗ് @ ഹാർട്ട്’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാമൂഹികമായ അടുപ്പത്തിനും, ആരോഗ്യത്തിനും, സന്തോഷത്തോടെയുള്ള വാർദ്ധക്യത്തിനും പ്രാധാന്യം നൽകുന്ന ഒരു ചുറ്റുപാടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരിടമായിരിക്കും അത്. കൊച്ചിയുടെ ഹൃദയഭാഗത്താണ് പദ്ധതിയുടെ നിർമാണം. 1, 1.5, 2 BHK അപ്പാർട്ട്‌മെന്റുകളുടെ കോമ്പിനേഷനുകളിലായി 211 പാർപ്പിടങ്ങൾ ഇവിടെയുണ്ടാകും. 1.69 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പച്ചപ്പ് നിറഞ്ഞ വിശാലമായ സ്ഥലത്താണ് പ്രോജക്റ്റ് ഒരുങ്ങുന്നത്. കൈറ്റ്സ് സീനിയർ കെയറിന്റെ ക്ലിനിക്കൽ മേൽനോട്ടവും, സീനിയർഷീൽഡ് വഴിയുള്ള പ്രതിരോധ ആരോഗ്യ സാങ്കേതികവിദ്യയും അടങ്ങുന്ന ഒരു സമഗ്ര പരിചരണ സംവിധാനമാണ് എടുത്തുപറയേണ്ട പ്രത്യേകത. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സീനിയർ ലിവിംഗ് പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ഇത്. കേരളത്തിലെ ഏറ്റവും മികച്ച മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ രാജഗിരി ഹോസ്പിറ്റലുമായുള്ള സഹകരണം, ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പരിഗണനയും, തുടർച്ചയായ നിരീക്ഷണവും, അടിയന്തര സഹായവും ഉറപ്പാക്കുന്നു. സുരക്ഷ, സ്വാഭിമാനം, എന്നിവക്ക് പ്രത്യേക പരിഗണന നൽകുന്ന ഈ പ്രൊജക്ടിൽ, ആശങ്കകളില്ലാത്ത ജീവിതമാണ് വാഗ്ദാനം ചെയ്യുന്നത്. ആക്റ്റിവിറ്റി/യോഗ ഹാൾ, വെൽനസ് സെന്റർ, ബിസിനസ് സെന്റർ, ബിസ്ട്രോ, ഡൈനിംഗ് ഹാൾ, നടപ്പാതകൾ, ഫൗണ്ടൻ , മനോഹരമായ ഔട്ട്‌ഡോർ ഏരിയകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി. ആരോഗ്യം, വിനോദം, സാമൂഹിക ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുഖസൗകര്യങ്ങളും മികച്ച പരിചരണവും സമന്വയിപ്പിച്ച്, സന്തോഷപൂർവം വാർദ്ധക്യം ചെലവഴിക്കാൻ വ്യക്തികളെ സഹായിക്കുക എന്ന സെറീൻ കമ്മ്യൂണിറ്റീസിന്റെ പ്രവർത്തനലക്ഷ്യമാണ് പദ്ധതിയിൽ പ്രതിഫലിക്കുന്നതെന്ന് വ്യക്തം. കൊളംബിയ പെസഫിക്കിന് കീഴിലുള്ള സെറീൻ കമ്മ്യൂണിറ്റീസും അസറ്റ് ഹോംസും തമ്മിലുള്ള ഈ പങ്കാളിത്തത്തിലൂടെ കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും കൊച്ചിയിൽ ഒരു വാട്ടർഫ്രണ്ട് അൾട്രാ-ലക്ഷ്വറി പ്രോജക്റ്റും ഉൾപ്പെടെ കേരളത്തിലുടനീളം നാല് സീനിയർ ലിവിംഗ് പ്രോജക്റ്റുകളാണ് യാഥാർഥ്യമാകാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ജനസംഖ്യ, ഉയർന്ന ആയുർദൈർഘ്യം, പ്രവാസികളുടെ എണ്ണം, മികച്ച ആരോഗ്യ സൂചികകൾ, വാർദ്ധക്യത്തിൽ താമസിക്കാൻ അനുയോജ്യമായ ഇടമെന്ന ഖ്യാതി എന്നിവയെല്ലാം കണക്കിലെടുത്താണ് ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ കേരളം തെരഞ്ഞെടുക്കാൻ സെറീൻ കമ്മ്യൂണിറ്റിസിനെ പ്രേരിപ്പിച്ചത്. സാംസ്കാരികമായ സ്വീകാര്യതയും കേരളീയരുടെ മെച്ചപ്പെട്ട സാമ്പത്തിക ശേഷിയും പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. ലോകോത്തര സീനിയർ ലിവിംഗ് കമ്മ്യൂണിറ്റികൾക്ക് ഒരു സ്വാഭാവിക കേന്ദ്രമായി കേരളം മാറുമെന്നാണ് പ്രതീക്ഷ. സീനിയർ കെയർ രംഗത്ത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നാണ് കേരളമെന്ന് സെറീൻ കമ്മ്യൂണിറ്റീസ് ബൈ കൊളംബിയ പെസഫിക്കിന്റെ സഹസ്ഥാപകനും ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ.യുമായ രാജഗോപാൽ ജി. പറഞ്ഞു. ‘സെറീൻ യംഗ് @ ഹാർട്ടി’ലൂടെ മുതിർന്ന പൗരന്മാർക്ക് മികച്ച പരിചരണവും, സൗകര്യങ്ങളും, സാമൂഹിക ഇഴയടുപ്പവും അനുഭവിച്ചറിഞ്ഞ് മനോഹരമായി ജീവിക്കാൻ കഴിയും. അതിനായി ഒരു ലോകോത്തര അന്തരീക്ഷമാണ് ഞങ്ങൾ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജഗിരി ഹോസ്പിറ്റലുമായുള്ള സഹകരണം വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നു, അതേസമയം അസറ്റ് ഹോംസുമായുള്ള പങ്കാളിത്തം പ്രാദേശികമായ ശക്തിയും വൈദഗ്ധ്യവും നൽകുന്നു. കേരളത്തിലെ മുതിർന്ന പൗരന്മാർ എങ്ങനെ ജീവിക്കുന്നുവെന്നും വളരുന്നുവെന്നും പുനർനിർവചിക്കുന്ന ഒരു മാതൃകയാണ് ഞങ്ങൾ ഒരുമിച്ച് സൃഷ്ടിക്കാൻ പോകുന്നതെന്ന് രാജഗോപാൽ ജി. പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വീടുകൾ നിർമ്മിക്കുന്നതിലാണ് അസറ്റ് ഹോംസ് എപ്പോഴും വിശ്വസിച്ചിട്ടുള്ളതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ പറഞ്ഞു. സെറീൻ കമ്മ്യൂണിറ്റീസുമായി സഹകരിക്കുന്നത് ഞങ്ങളുടെ ഈ പ്രതിബദ്ധത കേരളത്തിലെ വർദ്ധിച്ചുവരുന്ന മുതിർന്ന പൗരന്മാരിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കുന്നു. മികച്ച നിർമ്മാണം, ശ്രദ്ധയോടെയുള്ള സൗകര്യങ്ങൾ, ഒപ്പം ഒരു കൂട്ടായ്മയുടെ മനോഭാവം എന്നിവയെല്ലാം ഈ കമ്മ്യൂണിറ്റികളിലുണ്ടാകും. കേരളത്തിലെ സീനിയർ ലിവിംഗിന്റെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു ദീർഘകാല പങ്കാളിത്തത്തിന്റെ തുടക്കമാണ് ‘സെറീൻ യംഗ് @ ഹാർട്ട്’ എന്നും അദ്ദേഹം പറഞ്ഞു. ലൈഫ്ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർ ലിവിംഗ് വിഭാഗമായ സെറീൻ കമ്മ്യൂണിറ്റീസ് ബൈ കൊളംബിയ പെസഫിക്കിന് നിലവിൽ ഇന്ത്യയിലുടനീളം 10 സീനിയർ ലിവിംഗ് കമ്മ്യൂണിറ്റികൾ ഉണ്ട്. 1,700-ൽ അധികം റെസിഡൻഷ്യൽ യൂണിറ്റുകളും 2,400-ൽ അധികം മുതിർന്ന പൗരന്മാരും അവരുടെ പരിചരണത്തിലുണ്ട്. ബെംഗളൂരു, മൈസൂരു, ചെന്നൈ, കൊച്ചിൻ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലായി 13 പ്രോജക്റ്റുകൾ നിർമ്മാണത്തിലിരിക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 15 പുതിയ പ്രോജക്റ്റുകൾ ആരംഭിക്കാനും 2030-ഓടെ 10,000 പാർപ്പിടങ്ങളിൽ തങ്ങളുടെ പരിചരണം എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.